Friday, July 19, 2013

ഊര്‍ജ്ജ പ്രതിസന്ധി
ദിലീപ് മമ്പള്ളില്‍
ഇന്ന് നാം ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ വലിയ പങ്കും പെട്രോളിയത്തില്‍ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്. ആയിരമോ രണ്ടായിരമോ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ പെട്രോളിയത്തിന്റെ സാന്നിധ്യം മനുഷ്യര്‍ കണ്ടെത്തിയിരുന്നു. വളരെ കാലങ്ങള്‍ക്ക് ശേഷം 1840 കളില്‍ സ്‌കോട്‌ലണ്ട്കാരനായ ജെയിംസ് യങ്ങ് എന്ന രസതന്ത്രജ്ഞന്‍ പെട്രോളിയം പ്രത്യക താപനിലയില്‍ വാറ്റി എടുത്താല്‍ വിളക്ക് കത്തിക്കാന്‍ പറ്റിയ ഒരു ദ്രാവകം ലഭിക്കമെന്ന് കണ്ടെത്തി. ബ്രിട്ടനിലെ പ്രകൃതിദത്തമായ ഒരു ഉറവയില്‍ നിന്നുമാണ് അദ്ദേഹം പെട്രോളിയം ശേഖരിച്ചത്. ചൂടാക്കുന്ന രീതിക്കനുസരിച്ച് പല ഉല്പന്നങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം കണ്ടെത്തി. സത്യത്തില്‍, പെട്രോളിയം ഉത്പന്നങ്ങള്‍ കണ്ടുപിടിക്കുന്നതിനു മുന്‍പേതന്നെ ഉള്ളില്‍ നിന്നും കത്തിച്ചു (ആന്തരിക ദഹന യന്ത്രം ; internal combustion engine) പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന എഞ്ചിനുകളുടെ ആശയം കണ്ടുപിടിച്ചിരുന്നു. അതുകൊണ്ട് തന്നെ പെട്രോളിയത്തില്‍ നിന്നും കത്തിക്കാന്‍ പറ്റിയ എണ്ണകള്‍ ഉണ്ടാക്കാം എന്ന് കണ്ടുപിടിച്ചത് എന്ജിനുകളുടെ ആശയത്തിലും, വികാസത്തിനും ഉത്പാദനത്തിലും ഒരു കുതിച്ചു ചാട്ടം തന്നെ സമ്മാനിച്ചു. ആശയങ്ങളുടെ കുത്തൊഴുക്കില്‍ ശാസ്ത്രഞ്ജന്മാര്‍ പരസ്പരം മത്സരിച്ചു. 1885 ല്‍ ജര്‍മന്‍കാരനായ കാള്‍ ബെന്‍സ് ആണ് ആദ്യമായി പെട്രോളിയത്തില്‍ നിന്നുള്ള എണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനം അവതരിപ്പിച്ചത്.

വാഹനങ്ങള്‍ തന്നെയാകാം ഇന്ന് ഒരു പക്ഷെ ഏറ്റവും കൂടുതല്‍ പെട്രോളിയം ഉപയോഗിക്കുന്നത്. നാം സാധാരണ ജീവിതത്തില്‍ ഉപയോഗിക്കുന്ന എല്ലാ വസ്തുവിലും, സേവനങ്ങളിലും പെട്രോളിയത്തിന്റെ ചെറിയ ഒരു ഉപയോഗം ഉണ്ടായിരിക്കാം. ഉദാഹരണത്തിന്, വ്യവസായങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യുതി, അങ്ങനെ എല്ലാം. എന്തിനു വേണ്ടി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഒന്നിളകിയാല്‍ ജനജീവിതത്തിന്റെ താളം തന്നെ മാറും.

Thursday, July 11, 2013

മഴ

എം.എന്‍ .വിജയന്‍ Posted on: 25 Jun 2013


വീണ്ടും മഴ പെയ്യുന്നു. ഓര്‍മ്മകളുടെ എന്തൊക്കെയോ ചിതറിയ ചിത്രങ്ങള്‍ മഴയിലുണ്ട്. ബാല്യത്തിന്റെ പരിസരത്തുവീണ മഴ ഇപ്പോഴും മനസ്സില്‍ നിന്ന് ഒഴുകിത്തീര്‍ന്നിട്ടില്ല. അന്നൊക്കെ ഓരോ മഴയിലും ഭൂമിയും ആകാശവും നനയുമായിരുന്നു. മഴ നനഞ്ഞു കുതിര്‍ന്ന് മുന്നോട്ടുപോകുന്ന ജീവിതം അതിന്റെ മുഴുവന്‍ കരുത്തോടെയും എന്റെ കണ്ണുകളിലുണ്ട്.


അന്ന് കുടയില്ല. അങ്ങനെ പറയാന്‍ വയ്യ. ചിലര്‍ക്കെങ്കിലുമുണ്ട്. അവര്‍ വലിയവര്‍. സാധാരണ സ്‌കൂള്‍ കുട്ടികള്‍ക്ക് കാട്ടുചേമ്പിലയും വാഴയിലയും കുടയാവുന്നു. സ്‌കൂള്‍ തുറക്കുന്ന അന്ന് മഴയാണ്. മഴയില്ലെങ്കില്‍ സ്‌കൂളുകള്‍ക്ക് തുറക്കാന്‍ വയ്യ. പെരുമഴയത്ത് കാട്ടുചേമ്പിലയും വാഴയിലയും ചൂടി കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നു. അല്‍പസമയം മാത്രമേ ഈ തടയുള്ളൂ. ഒരു തണുത്ത കാറ്റില്‍ ചേമ്പിന്‍താളില പറക്കുന്നു. മഴ കുട്ടികളിലേക്ക് വീഴുന്നു. അതാണ് ആവേശം. ജീവിതം മുഴുവന്‍ ഈ മഴയില്‍ നനഞ്ഞ് കുതിര്‍ന്നതാവാന്‍ ഞങ്ങളാഗ്രഹിച്ചിട്ടുണ്ട്.


ഒരുപക്ഷേ, ഒരുപാട് മഴ പെയ്യുന്നതുകൊണ്ടാവും നമ്മള്‍ മഴയെ ചെറുക്കുന്നത്. മഴയ്ക്കും ജീവിതത്തിനുമിടയില്‍ നാം കുടയുടെ ഭിത്തി കെട്ടുന്നത്. ദില്ലിയില്‍ വെച്ച് പെരുമഴയിലൂടെ ചിരിച്ചുകൊണ്ട് മഴ നനഞ്ഞ് പോകുന്നവരെ കണ്ടിട്ടുണ്ട്. രാജസ്ഥാനിലും അങ്ങനെത്തന്നെ. കാളിദാസന്‍ മേഘസന്ദേശത്തില്‍ മേഘം കണ്ട് ഇളകുന്നത്. അതുകൊണ്ടാണ്. മഴ അവിടെ സന്തോഷം കൊണ്ടുവരുന്നു.


വാഴയിലയും ചേമ്പിലയും കഴിഞ്ഞാല്‍ പിന്നെ പാളയാണ് കുട.വലിയ പാള എടുത്ത് തലയില്‍ വയ്ക്കാം. അത് അല്‍പമൊന്ന് നിവര്‍ത്തി മലര്‍ത്തിപ്പിടിച്ചാല്‍ ബുദ്ധന്റെ ഭിക്ഷാപാത്രമായി. അതില്‍തന്നെ കഞ്ഞി കുടിച്ചതിനുശേഷം വെള്ളത്തിലൊന്ന് കഴുകിയാല്‍ പഴയതുപോലെ വൃത്തിയായി.